ചങ്ങരംകുളം: ആട് ഫാമിന്റെ മറവിൽ ലഹരി വിൽപ്പന നടത്തിയ ആളെ പൊന്നാനി പോലീസ് പിടികൂടി. തവളക്കുളം കറുപ്പം വീട്ടിൽ മുഹമ്മദ് ഷാഫി എന്ന പൊന്ത ഷാഫി (49) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വെളിയങ്കോട് തവളകുളത്ത് പാന്പൻ റോഡിൽ ആട് ഫാമിന്റെ മറവിൽ കഞ്ചാവും എംഡിഎംഎ ഉൾപ്പടെയുള്ള ലഹരി വസ്തുക്കളും വിൽപ്പന നടത്തി വരികയായിരുന്നു പ്രതിയെന്ന് പോലീസ് പറഞ്ഞു. മുഹമ്മദ് ഷാഫിയുടെ പക്കൽ നിന്ന് 1.76 ഗ്രാം മാരകമയക്കുമരുന്നായ എംഡിഎംഎ കണ്ടെടുത്തു. ഇതോടൊപ്പം എഴുപതിനായിരത്തോളം രൂപയും പോലീസ് പിടികൂടി.
ഷാഫിയുടെ വീട് കേന്ദ്രീകരിച്ച് ലഹരി ഉപയോഗവും വിൽപ്പനയും നടക്കുന്നുണ്ടെന്നും മറ്റു പ്രദേശങ്ങളിൽനിന്ന് യുവാക്കളും സാമൂഹിക വിരുദ്ധരും അസമയങ്ങളിൽ എത്തുന്നുണ്ടെന്നും പോലീസിന് വിവരം ലഭിച്ചിരുന്നു.
പോലീസ് നേരത്തേ പല തവണ ഷാഫിയുടെ വീടും പരിസരവും പരിശോധിച്ചിരുന്നെങ്കിലും ഇയാൾ ഫാമിന്റെ ചുറ്റുമുള്ള പൊന്തക്കാടുകളിലും മാലിന്യങ്ങളിലും കായലിനോട് ചേർന്ന വീടിന്റെ പരിസരത്തും ലഹരി ഒളിപ്പിച്ച് പോലീസിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.ഓപ്പറേഷൻ തൂഫാൻ പ്രഖ്യാപിച്ചതോടെ ഷാഫി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
വീടിന് പരിസരത്ത് വാഹനങ്ങൾ വന്നുപോകാൻ പ്രയാസം ഉള്ളതിനാലും പോലീസ് വരുന്ന വിവരം ഏജന്റുമാർ ഇയാളെ അറിയിക്കുന്നതിനാലും കരുതലോടെയാണ് പോലീസ് ഇയാളുടെ നീക്കങ്ങൾ മനസിലാക്കിയത്.
പൊന്നാനി ഇൻസ്പെക്ടർ സതീഷ് കുമാറിന്റെ നിർദേശ പ്രകാരം എസ്ഐ ആന്റോ ഫ്രാൻസിസ്, ഷിജി മോൻ, പ്രൊബേഷൻ എസ്ഐ അനന്തലക്ഷ്മി, എഎസ്ഐ വർഗീസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ, എസ്. പ്രശാന്ത് കുമാർ, സിവിൽ പോലീസ് ഓഫീസർ സജിൽ എന്നിവരടങ്ങിയ സംഘമാണ് എംഎഡിഎംഎ പിടികൂടിയത്.പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.